പുലാമന്തോൾ : പുലാമന്തോൾ യുപി ജുമാ മസ്ജിദിന് സമീപത്തെ മരമില്ലിന് തീപിടിച്ച് വൻ നാശനഷ്ടം. ആളപായമില്ല.
ഏലംകുളം കുറുവക്കുന്നൻ മുഹമ്മദലിയുടെ ഉടമസ്ഥതയിലുള്ള മരമില്ലിന് ഇന്നലെ പുലർച്ചെ 2.30 മണിയോടെയാണ് തീപിടിച്ചത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പെരിന്തൽമണ്ണ, പട്ടാന്പി, മലപ്പുറം ഫയർ സ്റ്റേഷനുകളിൽ നിന്ന് നാല് യൂണിറ്റ് എത്തിയാണ് തീയണച്ചത്.
പുലാമന്തോളിൽ നിന്ന് ഇലക്ട്രിസിറ്റി ജീവനക്കാരെത്തി വൈദ്യുതി വിച്ഛേദിച്ചു. മരമില്ലിലിന് രണ്ട് ദിവസം അവധിയായിരുന്നതായും നാട്ടുകാർ പറഞ്ഞു. വിദേശ മരത്തടികളും യന്ത്രോപകരണങ്ങളും ഉൾപ്പടെ രണ്ടു കോടിയോളം രൂപയുടെ നാശനഷ്ടം സംഭവിച്ചതായും പറയുന്നു.